നവദീപിനെതിരേ വധശ്രമത്തിനു കേസ്
Sunday, November 29, 2020 12:18 AM IST
ന്യൂഡൽഹി: ഡൽഹി ചലോ കർഷക മാർച്ചിനെ ഡൽഹി-ഹരിയാന അതിർത്തിയിൽ പോലീസ് തടഞ്ഞു നേരിടുന്നതിനിടെ ജലപീരങ്കിക്ക് മുകളിൽ കയറി പന്പ് ഓഫ് ചെയ്ത യുവാവിനെതിരേ വധശ്രമത്തിന് കേസെടുത്ത് പോലീസ്.
ഹരിയാന സ്വദേശിയും കർഷക നേതാവ് ജയ്സിംഗ് ജൽബേരയുടെ മകനുമായ നവദീപ് സിംഗിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ജലപീരങ്കി പ്രയോഗിച്ചപ്പോൾ തന്റെ ട്രാക്ടറിൽനിന്ന് പോലീസ് വാഹനത്തിലേക്ക് ചാടിക്കയറിയ നവദീപ് ജലപീരങ്കിയുടെ ദിശ തിരിക്കുകയും പിന്നീട് അത് ഓഫാക്കുകയും ചെയ്തു. പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ തന്റെ സഹോദരൻ ഓടിച്ചു കൊണ്ടുവന്ന ട്രാക്ടറിന്റെ മുകളിലേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു.
എന്നാൽ, തൊട്ടുപിന്നാലെ പോലീസ് യുവാവിനെതിരേ വധശ്രമം, കോവിഡ് നിയമ ലംഘനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കുരുക്ഷേത്ര സർവകലാശാലയിൽ നിന്നു ബിരുദം പൂർത്തിയാക്കിയ നവദീപ് പിതാവിനൊപ്പം കൃഷിയിൽ കർഷക മുന്നേറ്റങ്ങളിലും സജീവമാണ്. നവദീപ് ജലപീരങ്കി നിശ്ചലമാക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.