വികാസ് ദുബെ കേസ്; ഇഡി അന്വേഷണത്തിനു ശിപാർശ ചെയ്ത് പ്രത്യേക അന്വേഷണ സംഘം
Wednesday, December 2, 2020 12:06 AM IST
ലക്നോ: പോലീസ് വധിച്ച ഗുണ്ടാത്തലവൻ വികാസ് ദുബെയുടെ 150 കോടി രൂപയുടെ സ്വത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണതിന് യുപി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ശിപാർശ ചെയ്തു. അധോലോക സാമ്രാജ്യം കെട്ടിപ്പെടുക്കാൻ ദുബെയെ സഹായിച്ച പോലീസ്, ഗ്രാമവികസനം, ഭക്ഷ്യം, റവന്യു വകുപ്പുകളിലെ 90 ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ശിപാർശ ചെയ്തിട്ടുണ്ട്. ജൂലൈ രണ്ടിന് ദുബെ എട്ട് പോലീസുകാരെ വധിച്ചകേസിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് ബൂസ റെഡ്ഢി അധ്യക്ഷനായ അന്വേഷണസംഘം സമർപ്പിച്ച 3,100 പേജുള്ള റിപ്പോർട്ടിലാണ് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബറിൽ സമർപ്പിച്ച റിപ്പോർട്ട് അടുത്തിടെ സർക്കാർ അംഗീകരിച്ചു.
ദുബെ അനധികൃതമായി സന്പാദിച്ച 150 കോടി സ്വത്തിൽ ഇഡി അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്.
'
കാൺപുർ പോലീസ് മേധാവി ആനന്ദ് ദേവിനെ എസ്ഐടി റിപ്പോർട്ടിനെത്തുടർന്ന് യുപി സർക്കാർ നവംബറിൽ സസ്പെൻഡ് ചെയ്തിരുന്നു. ഉജ്ജയിനിൽനിന്ന് അറസ്റ്റിലായ ദുബെയെ, ജൂലൈ പത്തിന് കാൺപുരിലേക്കു കൊണ്ടുവരുന്നതിനിടെ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.