മാസ്കില്ലെങ്കിൽ സേവനം; ഉത്തരവിന് സുപ്രീംകോടതി സ്റ്റേ
Friday, December 4, 2020 12:05 AM IST
ന്യൂഡൽഹി: മാസ്ക് ധരിക്കാത്ത കുറ്റത്തിന് പിടികൂടുന്നവരെ കോവിഡ് സംരക്ഷണ കേന്ദ്രങ്ങളിൽ നിർബന്ധിത സാമൂഹ്യ സേവനത്തിന് ഉപയോഗിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അനുചിതവും ആളുകളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാൻ കാരണമാക്കുന്നതുമാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി.
അതേസമയം, മാസ്ക് ധരിക്കാത്തവർക്കെതിരേ നിർബന്ധമായും നിയമപരമായ നടപടികളെടുക്കണമെന്നും ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനിടെയാണ് സുപ്രീംകോടതി ഗുജറാത്ത് ഹൈക്കോടതിയുടെ നടപടികൾ പരിശോധിച്ചത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിനേക്കാൾ വലിയ വിപത്താണ് കോവിഡ് സംരക്ഷണ കേന്ദ്രത്തിലേക്ക് ഒരാളെ നിർബന്ധപൂർവം പറഞ്ഞുവിടുന്നതെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.