അന്നു മന്ത്രിയുടെ ചായ കുടിച്ചില്ല; ഇന്നലെ ഉച്ചഭക്ഷണവും
Friday, December 4, 2020 1:03 AM IST
ന്യൂഡൽഹി: ഡൽഹിയിലേക്കു പ്രക്ഷോഭം വ്യാപിപ്പിച്ചശേഷം സമവായത്തിനായി കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത ചർച്ചയിൽ നട്ടെല്ല് നിവർത്തി നെഞ്ചുറപ്പോടെ കർഷകർ.
ഇന്നലെ ഉച്ചയ്ക്കു 12.30നാണു കർഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും റെയിൽ, വാണിജ്യ മന്ത്രി പിയൂഷ് ഗോയലും സോം പ്രകാശും വിജ്ഞാൻ ഭവനിൽ ചർച്ച ആരംഭിച്ചത്. ചർച്ച രണ്ടു മണിക്കൂർ പിന്നിട്ട ഇടവേളയിൽ മന്ത്രിമാർ കർഷകരെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചു. എന്നാൽ, ക്ഷണം നിരസിച്ച കർഷകർ തങ്ങൾക്കുള്ള ഭക്ഷണം കൊണ്ടു വന്നിട്ടുണ്ടെന്ന് അറിയിച്ചു.
സമരവേദിയിൽ സജ്ജീകരിച്ചിരിക്കുന്ന ലംഗാറിൽ (സിക്കുകാരുടെ സൗജന്യ ഭക്ഷണവിതരണ സ്ഥലം) നിന്ന് ആംബുലൻസിൽ എത്തിച്ച ഭക്ഷണമാണ് അവർ കഴിച്ചത്. വിജ്ഞാൻ ഭവന്റെ പുറത്തെ വരാന്തയിലും നിലത്തിരുന്നും നിന്നുമൊക്കെ തിടുക്കത്തിൽ ഭക്ഷണം കഴിച്ചശേഷം അവർ ചർച്ചകളിലേക്കു മടങ്ങുകയും ചെയ്തു.
ഡിസംബർ ഒന്നിനു നടന്ന ചർച്ചയ്ക്കിടയിലും കൃഷിമന്ത്രി ചായ കുടിക്കാൻ വിളിച്ചെങ്കിലും കർഷകർ നിരസിച്ചിരുന്നു. മന്ത്രിയുടെ ചായ വേണ്ടെന്നും സമര സ്ഥലത്തേക്കു വന്നാൽ ലംഗാറിൽ ഉണ്ടാക്കുന്ന നല്ല ജിലേബി കഴിച്ചു മടങ്ങാമെന്നുമായിരുന്നു കർഷകനേതാക്കൾ മന്ത്രിയോടു പറഞ്ഞത്.