കർഷകർക്ക് പിന്തുണയുമായി ജസ്റ്റിൻ ട്രൂഡോയും ബ്രിട്ടീഷ് എംപിമാരും
Sunday, December 6, 2020 1:01 AM IST
ന്യൂഡൽഹി: കാർഷിക സമരത്തിന് അതിർത്തി കടന്നു പിന്തുണയുമായി കൂടുതൽ വിദേശ രാജ്യങ്ങളിലെ പ്രതിനിധികൾ. കനേഡിയൻ പ്രധാനമന്ത്രിയും പാർലമെന്റ് അംഗങ്ങളും വരെ തങ്ങളുടെ വിഷയം ചർച്ച ചെയ്യുന്നുണ്ട്. എന്നിട്ടും ഇക്കാര്യം ഇന്ത്യൻ പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ കൂട്ടാക്കുന്നില്ലെന്ന് ജംഹൂരി കിസാൻ സഭ ജനറൽ സെക്രട്ടറി കുൽവന്ത് സിംഗ് ഇന്നലെ നടന്ന ചർച്ചയിൽ കുറ്റപ്പെടുത്തി.
ഇന്ത്യയിലെ കർഷക സമരം സംബന്ധിച്ച് ജനങ്ങൾക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ ക്താവ് സ്റ്റെഫാനേ ദുജാറിക് പ്രതികരിച്ചത്. സമാധാനപരമായി നടക്കുന്ന കർഷക സമരത്തെ പിൻതുണയ്ക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ചു വ്യക്തമാക്കി.
ഇന്ത്യൻ വംശജർ ഉൾപ്പടെ 36 ബ്രിട്ടീഷ് എംപിമാരും കർഷക സമരത്തിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റബിന് കത്തു നൽകി. കർഷക വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എംപിമാർ ഇന്ത്യൻ ഹൈക്കമ്മീഷനും കത്തു നൽകിയിട്ടുണ്ട്.