കാനഡയുടെ കോവിഡ് യോഗം ഇന്ത്യ ബഹിഷ്കരിച്ചു
Sunday, December 6, 2020 1:01 AM IST
ന്യൂഡൽഹി: കർഷക സമരത്തെ അനുകൂലിച്ച് പ്രസ്താവന നടത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നടപടിയിൽ പ്രതിഷേധിച്ചു കാനഡ നേതൃത്വം നൽകുന്ന കോവിഡ് നയരൂപീകരണ യോഗത്തിൽ നിന്ന് ഇന്ത്യ വിട്ടു നിന്നു.
കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഡിസംബർ ഏഴിനു നടക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട്. മറ്റ് കാരണങ്ങളാൽ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് ഔദ്യോഗികമായി അറിയിച്ചതെന്നാണ് വിവരം. എന്നാൽ, കർഷക സമരത്തെ അനുകൂലിച്ച കനേഡിയൻ പ്രധാനമന്ത്രിയുടെ നിലപാടിനെ എതിർത്തു തന്നെയാണ് നടപടിയെന്നു വ്യക്തം. കഴിഞ്ഞ മാസം കനേഡിയൻ വിദേശ കാര്യമന്ത്രി ഫ്രാങ്കോ ഫിലിപ്പേ ഷാപേൻ നടത്തിയ കോവിഡ് അവലോകന യോഗത്തിൽ എസ്. ജയശങ്കർ പങ്കെടുത്തിരുന്നു. അതിന് പിന്നാലെ യോഗത്തെ അഭിനന്ദിച്ച് ട്വിറ്ററിൽ പോസ്റ്റ് ഇടുകയും ചെയ്തു.
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയതിൽ പ്രതിഷേധം അറിയിക്കുന്നതിനായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർ നദീർ പട്ടേലിനെ വിളിച്ചു വരുത്തിയിരുന്നു. ഇത്തരം അനാവശ്യ ഇടപെടലുകൾ ഇരുരാജ്യങ്ങളുടെയും പരസ്പര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് സർക്കാർ കനേഡിയൻ ഹൈക്കമ്മീഷണറോട് പറഞ്ഞത്.
എന്നാൽ, ഹൈക്കമ്മീഷണറെ വിളിച്ച് പ്രതിഷേധം അറിയിച്ചതിന് പിന്നാലെ വീണ്ടും ഡൽഹി-ഹരിയാന അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ അറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയിരുന്നു. ലോകത്തെവിടെയും സമാധാന പരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണ് കാനഡ എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെ ഈ നിലപാട് ബാധിക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനും സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങൾക്കൊപ്പമാണെന്നായിരുന്നു ട്രൂഡോയുടെ മറുപടി.