സൈനികർക്കു പാരിതോഷികം നല്കാറില്ലെന്നു കരസേന
Tuesday, January 12, 2021 12:44 AM IST
ശ്രീനഗർ: സൈനികർക്കു പാരിതോഷികം നല്കാറില്ലെന്നു കരസേന. കാഷ്മീരിൽ അംശിപോറയിൽ മൂന്നു യുവാക്കളെ ഭീകരെന്നു മുദ്രകുത്തി വധിച്ചത് 20 ലക്ഷം രൂപ പാരിതോഷികം തട്ടിയെടുക്കാനായിരുന്നുവെന്ന ആരോപണത്തെത്തുടർന്നാണു സൈന്യം നിലപാട് വ്യക്തമാക്കിയത്. സൈനികർക്കു പാരിതോഷികം നല്കുന്ന സന്പ്രദായം കരസേനയിൽ ഇല്ലെന്നു കരസേന വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു.
2020 ജൂലൈയിലാണ് അംശിപോറയിൽ മൂന്നു യുവാക്കൾ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സൈന്യത്തിനു വിവരം നല്കുന്ന പ്രദേശവാസികളായ തബാഷ് നസീർ, ബിലാൽ അഹമ്മദ് ലോൺ എന്നിവരുടെ സഹായത്തോടെ 62 ആർ.ആർ. റെജിമെന്റ് ക്യാപ്റ്റൻ ഭൂപേന്ദ്ര സിംഗ് ആസൂത്രണം ചെയ്തതാണ് വ്യാജ ഏറ്റുമുട്ടലെന്നു പ്രത്യേക അന്വേഷണ സംഘം ഷോപിയാൻ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഡിസംബർ 26നു സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. സംഭവത്തെക്കുറിച്ച് കരസേന അന്വേഷണം നടത്തി വരികയാണ്.