ശശികലയുടെ ആരോഗ്യനിലയിൽ പുരോഗതി
Friday, January 22, 2021 1:44 AM IST
ബംഗളൂരു: ജയിൽ മോചിതയാകാൻ ആറുദിവസം ബാക്കിനിൽക്കെ ശ്വാസതടസവും പനിയുംമൂലം ബൗറിംഗ് ആൻഡ് ലേഡി കർസൺ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട അണ്ണാഡിഎംകെ മുൻ നേതാവ് വി.കെ.ശശികല(63)യുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ. ശശികലയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ആശുപത്രി ഡയറക്ടർ ഡോ. മനോജ്കുമാർ പറഞ്ഞു. ബുധനാഴ്ചയാണ് ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2017 ഫെബ്രുവരിയിലാണ് 66 കോടി രൂപയുടെ അനധികൃത സ്വത്തുസന്പാദനക്കേസിൽ പ്രതിചേർക്കപ്പെട്ട ശശികലയെ നാലുവർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചത്. തുടർന്ന് പരപ്പന അഗ്രഹാര ജയിൽ കഴിഞ്ഞുവരികയായിരുന്നു.