കാർഷിക ബില്ലുകളിലൂടെ കർഷകരെ അടിച്ചമർത്തുന്നു: രാഹുൽ ഗാന്ധി
Sunday, January 24, 2021 12:12 AM IST
കോയമ്പത്തൂർ: വിവാദപരമായ മൂന്ന് കാർഷിക ബില്ലുകളിലൂടെ കർഷകരെ അടിച്ചമർത്താനും വലിയ കോർപറേറ്റ് മുതലാളിമാരുടെ അടിമകളാക്കാനുമാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നു കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോയമ്പത്തൂരിൽ മൂന്നുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഒരേ മൊഴി, ഒരേ സംസ്കാരം തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ഒരു കൂട്ടമാളുകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇന്ത്യയുടെ പ്രധാന സവിശേഷതയായ വൈവിധ്യത്തെ സംരക്ഷിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാടിനെയും തമിഴ്നാട് സംസ്കാരത്തെയും വേർതിരിച്ചു കാണുകയാണ്. തമിഴരെ രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുന്നതെന്നും രാഹുൽ ആരോപിച്ചു. തന്റെ സുഹൃത്തുക്കളായ ഏതാനും ധനികരുടെ അഭിവൃദ്ധിക്കായാണ് മോദി പാടുപെടുന്നത്. മറ്റുള്ള സാധാരണക്കാരെയും കർഷകരെയും അടിച്ചമർത്തുകയാണ്.
ജനങ്ങളുടെ ആഗ്രഹങ്ങൾ മനസിലാക്കുന്ന, ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ഭരണം കാഴ്ചവയ്ക്കുന്നതിനായാണ് താനും കോണ്ഗ്രസ് പാർട്ടിയും നിലകൊള്ളുന്നത്. തമിഴ്നാടുമായി രാഷ്ട്രീയബന്ധം മാത്രമല്ല, കുടുംബ ബന്ധവും രക്തബന്ധവും ഉണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഡൽഹിയിൽനിന്നു പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിലെത്തിയ രാഹുൽ ഗാന്ധിയെ സംസ്ഥാന കോണ്ഗ്രസ് പ്രസിഡന്റ് കെ.എസ്. അഴഗിരി, മുൻ പ്രസിഡന്റുമാരായ ഇ.വി.കെ.എസ്. ഇളങ്കോവൻ, തിരുനാവുക്കരശ്, തമിഴ്നാട് കോണ്ഗ്രസ് വക്താവ് ഗുണ്ടുറാവു, ദിനേഷ്, ആക്ടിംഗ് പ്രസിഡന്റുമാരായ മോഹൻ കുമാരമംഗലം, മയൂര ജയകുമാർ, ജില്ലാ പ്രസിഡന്റ് കറുപ്പസ്വാമി എന്നിവർ ചേർന്നു സ്വീകരിച്ചു.