ആരോഗ്യ പ്രവർത്തകരുടെ മരണം വാക്സിൻ മൂലമല്ല: കേന്ദ്രം
Monday, January 25, 2021 12:21 AM IST
ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ ആരംഭിച്ചതിനുശേഷം മരിച്ച ആറ് ആരോഗ്യ പ്രവർത്തകരുടെയും മരണകാരണം വാക്സിന്റെ പാർശ്വഫലങ്ങളല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
മരുന്നുവിതരണം ആരംഭിച്ച ശേഷം ആറ് ആരോഗ്യ പ്രവർത്തകരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവുമൊടുവിൽ ഹരിയാനയിലെ ഗുഡ്ഗാവിൽ 56 വയസുള്ള ആരോഗ്യ പ്രവർത്തകനാണ് മരിച്ചത്.
എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയ സംബന്ധമായ അസുഖമാണ് ഇയാളുടെ മരണകാരണം. ആറ് മരണങ്ങളിൽ ഒന്നിനുപോലും വാക്സിനുമായി ബന്ധമില്ലെന്നും അഡീഷണൽ ഹെൽത്ത് സെക്രട്ടറി മനോഹർ അഗ്നാനി പറഞ്ഞു.
ഇതുവരെ പതിനൊന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 0.0007 ശതമാനം മാത്രമാണ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിട്ടുള്ളവർ.