ഇന്ധനവില കൂട്ടിയത് പരാജയം മറയ്ക്കാൻ: അഖിലേഷ്
Sunday, February 21, 2021 12:08 AM IST
ന്യൂഡൽഹി: സാന്പത്തിക രംഗത്തെ കേന്ദ്രസർക്കാരിന്റെ പരാജയം മറച്ചുവയ്ക്കാനാണു പെട്രോൾ, ഡീസൽ വിലകൾ കുത്തനെ കൂട്ടി കർഷകരും യുവാക്കളും ഉൾപ്പെടെ ജനങ്ങളുടെ മേൽ ഭാരം കയറ്റുന്നതെന്നു സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. രാഷ്ട്രനിർമാണത്തിനാണ് ഇന്ധനവില കൂട്ടുന്നതെന്ന ന്യായം അങ്ങേയറ്റം നാണംകെട്ടതാണെന്നും മുൻ യുപി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എത്രയും വേഗം കൂട്ടിയ ഇന്ധനവിലകൾ പിൻവലിക്കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞുനിൽക്കുന്പോൾ രാജ്യത്ത് വിലയും നികുതികളും കുത്തനെ കൂട്ടുന്നത് ജനവിരുദ്ധമാണ്. ഇന്ധന വില വർധന കർഷകരെയും സാധാരണക്കാരെയും നേരിട്ടു ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാമക്ഷേത്ര നിർമാണത്തിനായി ബിജെപി നടത്തുന്ന ഫണ്ടു പിരിവിലൂടെ കോവിഡ് ദുരിതത്തിലായ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നു അഖിലേഷ് കുറ്റപ്പെടുത്തി. ഉന്നാവോയിൽ രണ്ടു കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവം യുപിയിലെ ആദിത്യനാഥ് സർക്കാരിന്റെ വീഴ്ചയാണെന്നും എസ്പി നേതാവ് പറഞ്ഞു.