മോദിയെ കാത്തിരിക്കുന്നത് ട്രംപിനെക്കാളും മോശം വിധി: മമത
Thursday, February 25, 2021 1:48 AM IST
ഷാഗഞ്ച് (പശ്ചിമബംഗാൾ): പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും വലിയ കലാപകാരിയാണെന്നും യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കാൾ മോശം വിധിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഹൂഗ്ലി ജില്ലയിലെ ഷാഗഞ്ചിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയും അമിത്ഷായും നുണകൾ പ്രചരിപ്പിക്കുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ ഗോൾ കീപ്പറായിരിക്കും; ബിജെപിക്ക് ഒരു ഗോൾ പോലും നേടാൻ സാധിക്കില്ല- മമത പറഞ്ഞു.
കൽക്കരി അഴിമതിക്കേസിൽ അനന്തരവൻ അഭിഷേക് ബാനർജിയുടെ ഭാര്യയെ സിബിഐ ചോദ്യം ചെയ്തതിനെയും മമത വിമർശിച്ചു. തങ്ങളുടെ സ്ത്രീകളെ അപമാനിക്കുകയാണെന്നും അവർ പറഞ്ഞു. ക്രിക്കറ്റ് താരം മനോജ് തിവാരി ഉൾപ്പെടെ നിരവധിപ്പേർ മമതയുടെ സാന്നിധ്യത്തിൽ തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.