ബിജെപി ആവശ്യപ്പെട്ടത് 60, 21 നല്കാമെന്ന് അണ്ണാ ഡിഎംകെ
Monday, March 1, 2021 11:03 PM IST
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയുമായി സഖ്യത്തിൽ മത്സരിക്കുന്ന ബിജെപി ആവശ്യപ്പെട്ടത് 60 സീറ്റ്. എന്നാൽ 21 സീറ്റ് നല്കാമെന്നാണ് അണ്ണാ ഡിഎംകെ നേതൃത്വം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സീറ്റ് ചർച്ച നടത്തിയിരുന്നു.
ഒന്നോ രണ്ടോ ദിവസത്തിനകം ബിജെപിയുടെ സീറ്റുകളിൽ ധാരണയാകുമെന്ന് അണ്ണാ ഡിഎംകെ വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച ബിജെപി സംസ്ഥാന പ്രസിഡന്റ് എൽ. മുരുഗന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം എടപ്പാടിയെയും പനീർശെൽവത്തെയും കണ്ടിരുന്നു. അണ്ണാ ഡിഎംകെയുടെ സഖ്യകക്ഷിയായ പിഎംകെയ്ക്ക് 23 സീറ്റുകൾ അനുവദിച്ചിരുന്നു. വടക്കൻ തമിഴ്നാട്ടിൽ പ്രബലമായ വണ്ണിയർ സമുദായത്തിന്റെ പാർട്ടിയാണു പിഎംകെ. പിഎംകെയ്ക്കു കിട്ടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ തങ്ങൾക്കുവേണമെന്നാണു ബിജെപിയുടെ ആവശ്യം.
തങ്ങൾക്കു സ്വാധീനമുള്ള 60 മണ്ഡലങ്ങളുടെ പട്ടിക ബിജെപി നേതൃത്വം അണ്ണാ ഡിഎംകെയ്ക്കു കൈമാറി. 170-180 സീറ്റിൽ മത്സരിച്ച് ഒറ്റയ്ക്കു ഭൂരിപക്ഷം നേടാനാണ് അണ്ണാ ഡിഎംകെയ്ക്കു താത്പര്യം. നടൻ വിജയകാന്ത് നയിക്കുന്ന ഡിഎംഡികെയുമായും അണ്ണാ ഡിഎംകെ നേതൃത്വം ചർച്ച നടത്തി.