കോവിഡ് ആപ് എല്ലാവർക്കുമില്ല; ജനത്തിനു വെബ്സൈറ്റ് മാത്രം
Monday, March 1, 2021 11:03 PM IST
ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാം ഘട്ടത്തിൽ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച കോവിൻ മൊബൈൽ ആപ് പൊതുജനങ്ങൾക്ക് ഉള്ളതല്ലെന്ന് കേന്ദ്രസർക്കാർ. കോവിൻ വെബ്സൈറ്റിൽ മാത്രമേ പൊതുജനങ്ങൾക്കു കോവിഡ് വാക്സിൻ ലഭിക്കാനായി രജിസ്ട്രേഷൻ നടത്താനാകൂവെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
സർക്കാർ ആശുപത്രികളിൽ സൗജന്യമായും സ്വകാര്യ ആശുപത്രികളിൽ 250 രൂപ നൽകിയും കുത്തിവയ്പ് എടുക്കാനാകും.
കോവിഡ് വാക്സിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യദിനമായ ഇന്നലെ കോവിൻ മൊബൈൽ ആപ് വഴി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ച മുതിർന്ന പൗരന്മാരും രോഗികളും രജിസ്റ്റർ ചെയ്യാനാകാതെ വലഞ്ഞതിനു പിന്നാലെയാണു സർക്കാരിന്റെ വിശദീകരണം.
കോവിഡ് വാക്സിൻ രജിസ്ട്രേഷനും കുത്തിവയ്പിനുള്ള ബുക്കിംഗിനുമായി പൊതുജനങ്ങൾ cowin.gov.in എന്ന കോവിൻ പോർട്ടലിൽ ശ്രമിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങൾക്കായി കോവിൻ ആപ് ഇല്ല. പ്ലേസ്റ്റോറിലുള്ള കോവിൻ ആപ് അഡ്മിനിസ്ട്രേറ്റർമാർക്കു വേണ്ടി മാത്രമുള്ളതാണെന്നും സർക്കാർ വിശദീകരിച്ചു.
ജോർജ് കള്ളിവയലിൽ