കോവിഡിനെതിരായ മറ്റൊരു പോരാട്ടം തുടങ്ങി: പ്രധാനമന്ത്രി
Monday, April 12, 2021 1:09 AM IST
ന്യൂഡൽഹി: കോവിഡിനെതിരായ മറ്റൊരു പോരാട്ടം രാജ്യത്ത് ആരംഭിച്ചിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 11 മുതൽ 14 വരെ നടത്തുന്ന വാക്സിൻ ഉത്സവം (ടീക്ക ഉത്സവ്) തുടങ്ങുന്നതിന്റെ ഭാഗമായി ട്വിറ്ററിൽ ഇട്ട കുറിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
കോവിഡിനെതിരേയുള്ള പോരാട്ടം ഫലപ്രദമാക്കാൻ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും അതിനായി നാല് നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണ്.
ഓരോരുത്തരും ഒരാളെ വാക്സിനേറ്റ് ചെയ്യുക, ഓരോരുത്തരും ഒരാളെ പരിചരിക്കുക, ഓരോരുത്തരും ഒരാളെ സംരക്ഷിക്കുക, മൈക്രോ കണ്ടെയ്ന്റ്മെന്റ് സോണുകൾ നിർമിക്കുക എന്നീ നാലു നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചിട്ടുള്ളത്.
ഓരോ അഭ്യർഥനകൾ സംബന്ധിച്ച് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. സ്വയം വാക്സിനേഷൻ എടുക്കാനാകാത്തവരെ അതിനു സഹായിക്കണം, വാക്സിനേഷൻ സൗകര്യങ്ങളെക്കുറിച്ച് അറിയാത്തവരെ സഹായിക്കണം, മാസ്ക് ധരിച്ച് ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയെ സുരക്ഷിതനാക്കണമെന്നും മൂന്നു നിർദേശങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നു. മൈക്രോ കണ്ടെയ്ന്റ്മെന്റ് സോണുകൾ നിർമിക്കണമെന്നാണ് നാലാമത്തെ നിർദേശം.
ഏതെങ്കിലും ഒരാൾ കോവിഡ് പോസിറ്റീവ് ആയാൽ അവിടെ ഒരു മൈക്രോ കണ്ടെയ്ന്റ്മെന്റ് സോണ് ഉണ്ടാക്കാൻ അയാളുടെ കുടുംബവും സമൂഹവും മുന്നിട്ടിറങ്ങണം. ഇന്ത്യയെപ്പോലെ ജനസംഖ്യ കൂടിയ രാജ്യത്ത് ഏറെ ഫലപ്രദമാണ് ഈ രീതിയെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ ഉത്സവത്തിന്റെ നാല് ദിവസങ്ങൾ വ്യക്തിഗതമായും സാമൂഹികമായുമുള്ള കടമകൾ പാലിച്ച് കോവിഡിനെ നിർമാർജനം ചെയ്യുകയെന്ന ലക്ഷ്യം നേടിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.