ജമ്മു കാഷ്മീരില്‍ ഭീകരർക്കു സഹായം: വനിതാ പോലീസിനെ പിരിച്ചുവിട്ടു
Saturday, April 17, 2021 12:53 AM IST
ശ്രീനഗർ: ഭീകരപ്രവർത്തകർക്കു സഹായകമായി പ്രവർത്തിച്ച ജമ്മു കാഷ്മീരിലെ വനിതാ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു. തെക്കൻ കാഷ്മീരിലെ ഫ്രിസാലിൽനിന്നുള്ള വനിതാ ഓഫീസർ ഷൈമ അക്തർക്കെതിരേയാണു നടപടി.
ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തെത്തുടർന്നു ബുധനാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർ ഫ്രിസാലിൽ തെരച്ചിൽ നടത്തിയപ്പോൾ ഇവർ പ്രകോപനപരമായി പ്രവർത്തിക്കുകയായിരുന്നുവെന്നു അധികൃതർ പറഞ്ഞു. ഭീകരരെ പ്രകീർത്തിക്കുന്ന തരത്തിൽ സംസാരിച്ച ഷൈമ സുരക്ഷാസേനയ്ക്കെതിരേ ആക്രമണത്തിനും മുതിർന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്നാണു നടപടി.