ആദ്യകേസ് യുപിയിൽ രജിസ്റ്റർ ചെയ്തു
Thursday, June 17, 2021 12:51 AM IST
ന്യൂഡൽഹി: നിയമപരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ ട്വിറ്ററിനെതിരേ ആദ്യ കേസ് ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്തു. ജൂണ്‍ അഞ്ചിന് ഗാസിയാബാദിൽ മുസ്ലിം വൃദ്ധൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരിലാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന ട്വീറ്റ് ഡിലീറ്റ് ചെയ്തില്ലെന്ന് ആരോപിച്ചാണ് ട്വിറ്ററിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഗാസിയാബാദിൽ ആക്രമണത്തിനിരയായ സൂഫി അബ്ദുൾ സമദ് എന്ന വൃദ്ധന്റെ താടി മുറിക്കുകയും ഒരു സംഘം വന്ദേമാതരവും ജയ്ശ്രീറാമും നിർബന്ധിച്ച് വിളിപ്പിക്കുകയും ചെയ്തു എന്നാണ് ആരോപണം. എന്നാൽ, ഈ ആരോപണങ്ങൾ യുപി പോലീസ് നിഷേധിച്ചു. വൃദ്ധൻ മാന്ത്രിക ഏലസ് വിൽക്കാൻ ശ്രമിച്ചതിനിടെയാണ് ആക്രമിക്കപ്പെട്ടതെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
എന്നാൽ, പോലീസിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് സൂഫി അബ്ദുൾ സമദിന്റെ കുടുംബം പറയുന്നു. പരന്പരാഗതമായി ആശാരിപ്പണി ചെയ്യുന്ന തങ്ങളുടെ കുടുംബത്തിൽ ആർക്കുംതന്നെ മാന്ത്രിക ഏലസുകളുമായി ഒരു ബന്ധവുമില്ലെന്നും തന്റെ പിതാവ് നാലു മണിക്കൂറോളം അക്രമത്തിനും അധിക്ഷേപത്തിനും ഇരയായെന്നും അദ്ദേഹത്തിന്റെ മകൻ പറഞ്ഞു.