എല്ലാ പ്രയാസവും മാറി: ചെന്നിത്തല
Saturday, June 19, 2021 12:35 AM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ മനസിലെ എല്ലാ പ്രയാസവും മാറിയെന്നു രമേശ് ചെന്നിത്തല. പൂർണ തൃപ്തനാണ്. മുക്കാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ രാഹുലിനോടു കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. പക്ഷേ ഒരു പദവിയും ചോദിച്ചില്ല. കോണ്ഗ്രസ് പാർട്ടിയോടുള്ള തികഞ്ഞ കൂറിൽ മാറ്റമുണ്ടാകില്ല. ഉമ്മൻ ചാണ്ടിയും താനും എന്നും ഹൈക്കമാൻഡിനൊപ്പം നിന്നിട്ടുള്ളവരാണ്. ഇനിയുമതു തുടരും- ചെന്നിത്തല ദീപികയോടു പറഞ്ഞു.
രാഹുലുമായി സംസാരിച്ചപ്പോൾ മനസിലെ പ്രയാസങ്ങളെല്ലാം മാറി. മനസിലുള്ളതെല്ലാം തുറന്നു പറഞ്ഞു. അദ്ദേഹം അതു മനസിലാക്കുകയും ചെയ്തു. ഒരുവിധത്തിലുള്ള നെഗറ്റീവ് ഫീലിംഗും അദ്ദേഹത്തിനില്ല. വലിയ സ്നേഹവും താത്പര്യവും ഇഷ്ടവുമുണ്ടെന്നു ബോധ്യപ്പെട്ടു. എന്താണു ചെയ്യാൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. പ്രത്യേകിച്ചു ഒന്നും വേണ്ടെന്നും സ്നേഹം മതിയെന്നുമാണു പറഞ്ഞത്. എഐസിസി ജനറൽ സെക്രട്ടറിയാക്കുമെന്നു തന്നോടു പറഞ്ഞിട്ടില്ല.
ഒരു സ്ഥാനവുമില്ലെങ്കിലും സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ സാധാരണ പ്രവർത്തകനായി തുടരാൻ തയാറാണ്. കേരളമാണ് ഒന്നാമത്തെ പരിഗണനയെങ്കിലും പാർട്ടി നേതൃത്വം എന്തു പറഞ്ഞാലും അനുസരിക്കും. കോണ്ഗ്രസ് രക്തത്തിലുള്ളതാണ്. ധാരാളം സ്ഥാനങ്ങളും അവസരങ്ങളും പാർട്ടി നൽകിയിട്ടുണ്ട്. കഴിവനുസരിച്ചു പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചിട്ടുമുണ്ട്. ഇന്ന് എന്തെങ്കിലുമായെങ്കിൽ അതെല്ലാം പാർട്ടി നൽകിയതാണ്. സന്പത്തോ, പിന്തുണയോ ഇല്ലാതെ രാഷ്ട്രീയത്തിൽ വളർന്നു വന്നതു പാർട്ടി നൽകിയ അവസരങ്ങളാണ്. ഇന്ദിരാജിയും രാജീവ്ജിയും നൽകിയ സ്നേഹവും കരുതൽ ഒരിക്കലും മറക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.