കോവാക്സിന് യുഎൻ അനുമതി: പ്രീസബ്മിഷൻ 23ന്
Saturday, June 19, 2021 12:35 AM IST
ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിൻ കോവാക്സിന് അടിയന്തര ഉപയോഗ അനുമതിക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും. ജൂണ്‍ 23ന് താത്പര്യപത്രം സംബന്ധിച്ച രേഖകൾ സമർപ്പിക്കാനുള്ള പ്രീസബ്മിഷൻ യോഗം നടക്കുമെന്ന് ഭാരത് ബയോടെക്കിനെ ഡബ്ലിയുഎച്ച്ഒ അറിയിച്ചു.
വാക്സിന്റെ ഗുണമേന്മ സംബന്ധിച്ചും പരിശോധന സംബന്ധിച്ചുമുള്ള വിവരങ്ങളാണ് താത്പര്യപത്രത്തിനൊപ്പം നല്‍കേണ്ടത്. യുഎൻ അംഗീകാരം ലഭിച്ചാൽ ആഗോളതലത്തിൽ അടിയന്തര ഉപയോഗ പട്ടികയിൽ കോവാക്സിൻ ഇടംപിടിക്കും. സബ്മിഷൻ യോഗത്തിനു രണ്ടാഴ്ച മുന്‍പാണ് പ്രീസബ്മിഷൻ യോഗം നടക്കുക.
ലോകാരോഗ്യസംഘടന നിഷ്കർഷിക്കുന്ന 90 ശതമാനം രേഖകളും നല്‍കിയതായും തുടർപരിശോധനകളുടെ രേഖകൾ ജൂണിൽ നല്‍കുമെന്നും ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു.