മാധ്യമപ്രവർത്തകനെ മണിപ്പുർ സർക്കാർ വിട്ടയച്ചു
Saturday, July 24, 2021 1:40 AM IST
ഇംഫാൽ: ദേശീയ സുരക്ഷാ നിയമം(എൻഎസ്എ) ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വാംഗ്ഖേമിനെ മണിപ്പുർ സർക്കാർ വിട്ടയച്ചു. ഇദ്ദേഹത്തെ വിട്ടയയ്ക്കണമെന്നു മണിപ്പുർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ബിജെപി നേതാവിന്റെ മരണത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു കിഷോർചന്ദ്രയെ അറസ്റ്റ് ചെയ്തത്. വൈകുന്നേരം അഞ്ചു മണിക്കു മുന്പേ മാധ്യമപ്രവർത്തകനെ വിട്ടയയ്ക്കണമെന്ന് ഇന്നലെ രാവിലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സജിവാ സെൻട്രൽ ജയിലിൽനിന്നു കിഷോർചന്ദ്ര വാംഗ്ഖേം പുറത്തിറങ്ങി.
വാംഗ്ഖേമിനെയും ആക്ടിവിസ്റ്റ് എരൻദ്രോ ലെച്ചോംബാമിനെയും മേയ് 17നായിരുന്നു അറസ്റ്റ് ചെയ്തത്. ഇരുവരെയും ഒരേ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. ലെച്ചോംബാമിനെ ജൂലൈ 19നു വിട്ടയച്ചു.