വായ്പാ തട്ടിപ്പ്: ബോളിവുഡ് നിർമാതാവ് അറസ്റ്റിൽ
Tuesday, August 3, 2021 12:43 AM IST
ന്യൂഡൽഹി: വായ്പ നൽകാമെന്നു വാഗ്ദാനം നൽകി വ്യവസായിയിൽനിന്ന് 32 ലക്ഷം രൂപ തട്ടിയ ബോളിവുഡ് നിർമാതാവ് അറസ്റ്റിൽ. അജയ് യാദവ് എന്നയാളാണ് ഉത്തർപ്രദേശിലെ മഥുരയിൽ അറസ്റ്റിലായത്. ഇതേ തന്ത്രം ഉപയോഗിച്ച് ഇയാൾ മറ്റുള്ളവരിൽനിന്നും പണം തട്ടിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.
മുംബൈ, ഡൽഹി, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയശേഷമാണു യാദവിനെ അറസ്റ്റ് ചെയ്തത്. സെറീൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയുടെ ഡയറക്ടറായ യാദവ്, ഓവർടൈം, ലൗ ഫിർ കഭി തുടങ്ങി ആറു ബോളിവുഡ് സിനിമകൾ നിർമിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ പണമാണ് ഇയാൾ സിനിമാ നിർമാണത്തിനായി നിക്ഷേപിച്ചതെന്നാണു വിവരം.