അലോക് വർമയ്ക്കെതിരേ നടപടിക്കു ശിപാർശ
Thursday, August 5, 2021 12:43 AM IST
ന്യൂഡൽഹി: ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് മുൻ സിബിഐ ഡയറക്ടർ അലോക് വർമയ്ക്കെതിരേ അച്ചടക്കനടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശിപാർശ ചെയ്തു. അടിയന്തര നടപടിയെടുക്കണമെന്നാണ് കേന്ദ്ര പഴ്സണൽ കാര്യ മന്ത്രാലയത്തിന് നിർദേശം നൽകിയിരിക്കുന്നത്. നടപടികൾക്ക് അംഗീകാരം ലഭിച്ചാൽ അലോക് വർമയുടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ റദ്ദ് ചെയ്യപ്പെടും.
സിബിഐ ഡയറക്ടറായിരിക്കെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രാകേഷ് അസ്താനയുമായി അഴിമതിയാരോപണങ്ങളുടെ പേരിൽ അലോക് വർമ ഏറ്റുമുട്ടിയിരുന്നു. രണ്ടുപേരും പരസ്പരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ചാണ് ഏറ്റുമുട്ടിയത്. സർവീസ് ചട്ടങ്ങൾ ലംഘിച്ച് ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നതാണ് അലോക് വർമയ്ക്കെതിരേയുള്ള ആരോപണം.