നീറ്റ് പിജി: ഡോക്ടർമാരുടെ ഹർജി തള്ളി
Friday, September 10, 2021 12:16 AM IST
ന്യൂഡൽഹി: നീറ്റ് പിജി മെഡിക്കൽ പരീക്ഷയിൽ പരീക്ഷാ കേന്ദ്രം മാറ്റാനുള്ള ഓപ്ഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഡോക്ടർമാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റീസുമാരായ യു.യു. ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റേതാണ് നടപടി.
പരീക്ഷാ കേന്ദ്രം മാറ്റാനുള്ള ഓപ്ഷൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഉൾപ്പെടുത്തുന്നതുവരെ നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത്, പ്രത്യേകിച്ചും കേരളത്തിൽ കോവിഡ് വ്യാപിക്കുകയാണ്. അതിനാൽ ഇക്കാര്യം അംഗീകരിക്കണമെന്നാണ് പരാതിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക വാദിച്ചത്.
എന്നാൽ, സാഹചര്യത്തിൽ മാറ്റമുണ്ടെന്നും യാത്രാ വിലക്കുകളില്ലെന്നും ഡൽഹിയിൽനിന്നു കൊച്ചിയിലേക്ക് വിമാനമുണ്ടെന്നും ജസ്റ്റീസ് യു.യു. ലളിത് ചൂണ്ടിക്കാട്ടി. വാക്സിനേഷൻ വർധിച്ചിട്ടുണ്ടെന്നും ഗുരുതര സ്വഭാവമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ഗർഭിണികളായ രണ്ട് പേരുടെ പരീക്ഷാ കേന്ദ്രങ്ങൾ മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചിരുന്നു. അത് പ്രത്യേക സാഹചര്യം കണക്കിലെടുത്താണെന്നും അത്തരം ഇളവുകൾ ഇപ്പോൾ എല്ലാവർക്കും നൽകാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.