കാബൂളിൽ ഇന്ത്യൻ വംശജനെ തട്ടിക്കൊണ്ടുപോയി
Thursday, September 16, 2021 1:10 AM IST
ന്യൂഡൽഹി: താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ വംശജനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. കാബൂളിലെ കർത്തേപർവാൺ മേഖലയിൽ ബിസിനസ് ചെയ്യുന്ന ബൻസൂരി ലാലി(50) നെയാണ് തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞദിവസം ഇദ്ദേഹം സ്വന്തം ഗോഡൗണിലേക്കു പോകവേ അഞ്ചംഗ സംഘം തോക്കുചൂണ്ടി കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
അകാലിദൾ നേതാവും ഡൽഹി സിക്ക് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റുമായ മൻജിന്ദർ സിർസയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇതു സംബന്ധിച്ച റിപ്പോർട്ടുകളെക്കുറിച്ചറിയാമെന്നും അന്വേഷിക്കുകയാണെന്നും ഡൽഹിയിൽ വിദേശകാര്യമന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.
ബൻസൂരി ലാലിനു ഡൽഹിയിൽ കുടുംബമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.