രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനേവാളും എൽ. മുരുകനും സ്ഥാനാർഥികൾ
Saturday, September 18, 2021 11:47 PM IST
ന്യൂഡൽഹി: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിനായി കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനേവാൾ, എൽ. മുരുകൻ എന്നിവരുടെ പേരുകൾ പ്രഖ്യാപിച്ച് ബിജെപി. രാജ്യസഭയിലെ ഏഴ് സീറ്റുകളിലേക്കായി ഒക്ടോബർ നാലിന് ഉപതെരഞ്ഞെടുപ്പു നടക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
തമിഴ്നാട്ടിൽനിന്നു രണ്ടു സീറ്റി ലേക്കും പശ്ചിമബംഗാൾ, ആസാം, മധ്യപ്രദേശ്, പുതുച്ചേരി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് ഓരോ സീറ്റിലേക്കുമാണു തെരഞ്ഞെടുപ്പ്.
ബിജെപിയുടെ ആസാമിൽ നിന്നുള്ള രാജ്യസഭാംഗം ബിശ്വജീത് ദൈമരി രാജിവച്ചതിനെത്തുടർന്നാണ് ഇപ്പോഴത്തെ കേന്ദ്രമന്ത്രിയും ആസാമിലെ മുൻ മുഖ്യമന്ത്രിയുമായ സർബാനന്ദ സോനോവാളിനെ ഈ സ്ഥാനത്തേക്കു പരിഗണിച്ചത്. രാജിവച്ച ആസാമിൽനിന്നുള്ള രാജ്യസഭാംഗം ബിശ്വജിത് ദൈമരി ആസാം നിയമസഭയുടെ സ്പീക്കറായി അധികാരമേൽക്കും.
മധ്യപ്രദേശിൽനിന്നുള്ള കേന്ദ്ര വാർത്താവിതരണ സഹമന്ത്രിയായ എൽ. മുരുകനെയും രാജ്യസഭാംഗമായി പരിഗണിച്ചിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടിയുടെ തമിഴ്നാട് യൂണിറ്റ് പ്രസിഡന്റായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗം തവർചന്ദ് ഗെഹ്ലോട്ട് കർണാടക ഗവർണറായി ചുമതലയേറ്റതോടെയാണ് മധ്യപ്രദേശിലെ രാജ്യസഭാ സീറ്റിൽ ഒഴിവു വന്നത്.