ഗുജറാത്തിൽ ഒവൈസിയുടെ പാർട്ടി മത്സരിക്കും
Tuesday, September 21, 2021 12:46 AM IST
അഹമ്മദാബാദ്: അടുത്ത വർഷം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ അസാദുദീൻ ഒവൈസി നയിക്കുന്ന ഓൾ ഇന്ത്യ മജ്ലിസ്-ഇ- ഇത്തേഹാദുൽ മുസ്ലിമീൻ(എഐഎംഐഎം) മത്സരിക്കും. ഒവൈസിയാണ് ഇക്കാര്യം അറിയിച്ചത്. മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംസ്ഥാനഘടകം തീരുമാനമെടുക്കുമെന്ന് ഒവൈസി പറഞ്ഞു.
എഐഎംഐഎം ബിജെപിയുടെ ബി ടീം ആണെന്ന കോൺഗ്രസിന്റെ ആരോപണം ഒവൈസി പുച്ഛിച്ചുതള്ളി. എന്തുകൊണ്ടാണു ഗുജറാത്തിൽ മൂന്ന് മുസ്ലിം എംഎൽഎമാർ മാത്രമുണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണു കോൺഗ്രസ് ഗുജറാത്തിൽ തുടർച്ചയായി പരാജയപ്പെടുന്നത്? 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ കോൺഗ്രസ് വട്ടപ്പൂജ്യമാണ്.
രാഹുൽഗാന്ധി അമേഠിയിൽ തോറ്റു. എങ്ങനെയാണ് അദ്ദേഹം പരാജയപ്പെട്ടത്? ഞങ്ങൾ അദ്ദേഹത്തിനെതിരേ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. രാഹുൽ വയനാട്ടിൽ വിജയിച്ചത് അവിടെ 35 ശതമാനം ന്യൂനപക്ഷ വോട്ടുള്ളതുകൊണ്ടാണ്-ഒവൈസി പറഞ്ഞു.