അമരീന്ദറിനോടു ചായ്വുള്ള വനിതാ ചീഫ് സെക്രട്ടറിയെ മാറ്റി
Friday, September 24, 2021 12:43 AM IST
ചണ്ഡിഗഡ്: പഞ്ചാബിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനോടു ചായ്വുള്ള വിനി മഹാജനെ നീക്കി അനിരുദ്ധ് തിവാരിയെ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായ തിവാരി 1990 ബാച്ച് ഐഎഎസ് ഓഫീസറാണ്.
കഴിഞ്ഞ വർഷമായിരുന്നു വിനി മഹാജനെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറിയാണ് വിനി മഹാജൻ. ഡിജിപി ദിനകർ ഗുപ്തയെ മാറ്റുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. വിനി മഹാജന്റെ ഭർത്താവാണു ഗുപ്ത.
ചൊവ്വാഴ്ച ചരൺജിത് ചന്നി സർക്കാർ ഒന്പത് ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു. ചന്നി അധികാരമേറ്റയുടൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെയും സ്പെഷൽ പ്രിൻസിപ്പൽ സെക്രട്ടറിയെയും മാറ്റിയിരുന്നു. തിങ്കളാഴ്ചയാണു ചരൺജിത് ചന്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.