ഉറി സെക്ടറിൽ നുഴഞ്ഞുകയറിയ രണ്ടു ഭീകരരെ വധിച്ചു
Sunday, September 26, 2021 10:25 PM IST
ശ്രീനഗർ: നുഴഞ്ഞുകയറിയശേഷം ദിവസങ്ങളായി ഒളിവിൽക്കഴിഞ്ഞിരുന്ന രണ്ടു ഭീകരരെ കാഷ്മീരിലെ ബാരമുള്ളയിൽ സുരക്ഷാസേന വധിച്ചു. ഉറി സെക്ടറിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സേനാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.
രണ്ടാഴ്ച മുന്പ് രാജ്യത്ത് എത്തിയ ഭീകരർക്കായി അന്ന് തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. സുരക്ഷാസേന വെടിയുതിർത്തതോടെ ഭീകരർ രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസം ഇവരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വീണ്ടും തെരച്ചിൽ തുടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ഒട്ടേറെ ആയുധങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകത്തിൽ പങ്കാളിയായ ആൾ ഉൾപ്പെടെ രണ്ടു ഭീകരരെ സുരക്ഷാ സേന ഇന്നലെ ഏറ്റുമുട്ടലിൽ വധിച്ചു. ബന്ദിപ്പോറ ജില്ലയിലെ വത്രിന മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.