കോടതിയിലെ വെടിവയ്പ്: അക്രമികളെ സഹായിച്ച രണ്ടു പേർ അറസ്റ്റിൽ
Sunday, September 26, 2021 10:59 PM IST
ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിൽ ഗുണ്ടാത്തലവൻ ജിതേന്ദർ മൻ എന്ന ഗോഗിയെ വെടിവച്ചു കൊന്ന സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കോടതിക്കുള്ളിൽ പോലീസിന്റെ വെടിയേറ്റു മരിച്ച രാഹുൽ ത്യാഗിയെയും ജഗദീപ് ജഗ്ഗയെയും കോടതിമുറിയിൽ കയറ്റാൻ എത്തിച്ച കാറും പോലീസ് പിടിച്ചെടുത്തു.
ഗോഗിയുടെ എതിരാളികളായ തില്ലു ഗ്യാംഗിലെ ഉമാംഗ്, വിനയ് മോട്ട എന്നിവരാണ് അറസ്റ്റിലായത്. തില്ലു ഗ്യാംഗിന്റെ തലവനായ തില്ലു മൻഡോളി ജയിലിനുള്ളിൽനിന്നാണ് ഗോഗിയുടെ കൊലപാതകം ആസൂത്രണം ചെയ്തത്.
കൊലപാതകത്തിനു മുമ്പായി തലേദിവസം തന്റെ വീട്ടിൽ പാർട്ടി നടത്തിയിരുന്നതായി ഉമാംഗ് പോലീസിനോടു പറഞ്ഞു. വിനയ് ആണ് കോടതിമുറിക്കുള്ളിൽ കടക്കാൻ സഹായകരമായ തരത്തിൽ കൊലപാതകികൾക്ക് അഭിഭാഷകരുടെ വേഷം ഉൾപ്പെടെ വാങ്ങാൻ ഒപ്പം പോയത്. കൃത്യം നടന്ന ദിവസം ഉച്ചയോടെ തില്ലു ഗ്യാംഗിലെ രണ്ട് ഷാർപ് ഷൂട്ടർമാരെയും ഇവർ ഒരു ഹ്യുണ്ടായ് കാറിൽ കോടതിയിൽ എത്തിക്കുകയായിരുന്നു.
കോടതിക്കുള്ളിൽ നടന്ന അക്രമത്തിന്റെ പേരിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായി എന്ന ആരോപണം ഡൽഹി പോലീസിനെതിരേ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഉമാംഗിനെയും വിനയിനെയും അറസ്റ്റ് ചെയ്തത്.