പൂഞ്ചിൽ രണ്ടു സൈനികർക്കു വീരമൃത്യു
Saturday, October 16, 2021 1:09 AM IST
ജമ്മു: കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർ വീരമൃത്യു വരിച്ചു. മെൻധാർ സബ് ഡിവിഷനിലെ നർ ഖാസ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ റൈഫിൾമാന്മാരായ വിക്രം സിംഗ് നേഗി (26), യോഗംബർ സിംഗ് (27) എന്നിവരാണു വീരമൃത്യുവരിച്ചത്. ഇരുവരും ഉത്തരാഖണ്ഡ് സ്വദേശികളാണ്.
ചൊവ്വാഴ്ച പൂഞ്ചിലെ സുരാൻകോട്ട് മേഖലയിൽ മലയാളിയായ എച്ച്. വൈശാഖ് അടക്കം അഞ്ചു സൈനികർ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു. ഇതിനു സൈന്യം നടത്തിയ തിരിച്ചടിയിൽ അഞ്ചു ഭീകരർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച സൈനികരുമായി ഏറ്റുമുട്ടിയ ഭീകരർ മൂന്നു മാസമായി പ്രദേശത്തുണ്ടെന്ന് കാഷ്മീർ പോലീസ് അറിയിച്ചു.
ശ്രീനഗറിൽ ഈയിടെ സാധാരണക്കാരനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന ഭീകരനെ സുരക്ഷാസേന ഇന്നലെ ഏറ്റുമുട്ടലിൽ വധിച്ചു.