മുംബൈയിൽ ഇന്നലെ കോവിഡ് മരണമില്ല
Sunday, October 17, 2021 11:38 PM IST
മുംബൈ: 2020 മാർച്ച് 26നുശേഷം മുംബൈയിൽ ഇന്നലെ ആദ്യമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തില്ല. മുംബൈയിലുള്ളവരെ സംബന്ധിച്ച് പ്രധാന വാർത്തയാണിതെന്നു നഗരസഭാ കമ്മീഷണർ ഇക്ബാൽ സിംഗ് ചാഹൽ പറഞ്ഞു.
2020 മാർച്ച് 11നാണ് മഹാനഗരത്തിൽ ആദ്യത്തെ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചത്. ആദ്യ മരണം മാർച്ച് 17നായിരുന്നു. ഏഴര ലക്ഷം പേർക്കാണു മുംബൈയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
16,180 പേർ മരണത്തിനു കീഴടങ്ങി. അയ്യായിരം പേരാണു മുംബൈയിൽ ചികിത്സയിലുള്ളത്. 2021 ഏപ്രിൽ നാലിനു മുംബൈയിൽ 11,163 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്. മേയ് ഒന്നിന് 90 പേരാണു മരിച്ചത്. ഉയർന്ന പ്രതിദിന മരണക്കണക്കാണിത്. മുംബൈയിൽ 97 ശതമാനം പേർ ആദ്യ ഡോസും 55 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചു.