മഴക്കെടുതിയിൽ വലഞ്ഞ് ഉത്തരാഖണ്ഡ്; മരണം 46; കാണാതായവർ 11
Thursday, October 21, 2021 1:35 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും നാശം ഏറുന്നു. മഴക്കെടുതികളിൽ മരണമടഞ്ഞവരുടെ എണ്ണം 46 ആയി. പതിനൊന്നുപേരെ ഇനിയും കണ്ടെത്താനുണ്ട്. വലിയ പാറക്കഷണങ്ങൾ വീണുകിടക്കുന്നതിനാൽ പല റോഡുകളിലും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഒട്ടേറെ ഗ്രാമങ്ങളിൽ വൈദ്യുതിവിതരണവും തകരാറിലാണ്.
ശനിയാഴ്ച രാത്രിയോടെ തുടങ്ങിയ മഴയിൽ 46 പേർ മരിച്ചുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
പ്രളയബാധിത മേഖലയിൽ നിന്ന് 1,300 ത്തിലധികം പേരെ രക്ഷപെടുത്തിയെന്ന് ദേശീയ ദുരന്ത നിവാരണസേന പറഞ്ഞു. ഉധംസിംഗ് നഗർ, നൈനിറ്റാൾ എന്നിവിടങ്ങളിൽനിന്നാണിത്. രക്ഷാപ്രവർത്തനത്തിനു പുറമേ ദുരിതാശ്വാസ സാധനങ്ങളും എൻഡിആർഎഫ് വിതരണം ചെയ്തു.
തകരാറിലായ റെയിൽവേ ട്രാക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാകാൻ അഞ്ചു ദിവസം വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുരന്തസ്ഥലങ്ങളിൽ വ്യോമനിരീക്ഷണം നടത്തി. നാശനഷ്ടങ്ങളുടെ കണക്ക് തയാറാക്കാൻ ജീവനക്കാർക്ക് അദ്ദേഹം നിർദേശവും നൽകി.