ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു
Tuesday, October 26, 2021 12:44 AM IST
ന്യൂഡൽഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്നലെ ഡൽഹിയിൽ വിജ്ഞാൻ ഭവനിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വിതരണം ചെയ്തു. കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ച പുരസ്കാരങ്ങൾ കോവിഡ് വ്യാപനത്തത്തുടർന്ന് വിതരണം ചെയ്യുന്നതിൽ കാലതാമസമുണ്ടായി. 2019ൽ പുറത്തിറങ്ങിയ 461 ഫീച്ചർ സിനിമകളും 220 ഹ്രസ്വചിത്രങ്ങളുമാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
മണികർണിക, പങ്ക തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കങ്കണ റണാവത്ത് ഏറ്റുവാങ്ങി. തമിഴ് ചിത്രമായ അസുരൻ, ഹിന്ദി ചിത്രമായ ഭോണ്സലെ എന്നിവയിലെ പ്രകടനത്തിന് ധനുഷ്, മനോജ് ബാജ്പേയി എന്നിവർ മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ഹിന്ദി ചിത്രത്തിനുള്ള പുരസ്കാരം സുശാന്ത് സിംഗ് രാജ്പുത് അഭിനയിച്ച ഛിഛോരെ സ്വന്തമാക്കി.
പ്രിയദർശൻ സംവിധാനം ചെയ്ത ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹ’മാണ് മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. മികച്ച ചിത്രം കൂടാതെ വസ്ത്രാലങ്കാരത്തിനും സ്പെഷൽ ഇഫക്ടിനുമുള്ള പുരസ്കാരവും മരയ്ക്കാറിനു ലഭിച്ചു.
മലയാളത്തിൽ നിന്നും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറും, മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായരും ഏറ്റുവാങ്ങി. ജല്ലിക്കെട്ട് എന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ച ഗിരീഷ് ഗംഗാധരൻ, മികച്ച ഗാനരചയിതാവ് പ്രഭാവർമ, തമിഴ് സിനിമയായ ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിന്റെ ശബ്ദമിശ്രണം നിർവഹിച്ച റസൂൽ പൂക്കുട്ടി, ബിബിൻ ദേവ് എന്നിവർ ദേശീയ പുരസ്കാര ജേതാക്കളിലെ മലയാളിസാന്നിധ്യമായി.
രാഹുൽ റിജി നായർ സംവിധാനം ചെയ്ത ‘കള്ളനോട്ട’മാണ് മികച്ച മലയാള ചിത്രം. മലയാള ചിത്രം ‘ബിരിയാണി’യുടെ സംവിധാനത്തിന് സജിൻ ബാബുവിന് പ്രത്യേക പരാമർശം ലഭിച്ചിരുന്നു.