ജെഡി-യു ജനറൽ സെക്രട്ടറി കെ.സി. ത്യാഗിയുടെ മകൻ ബിജെപിയിൽ
Monday, December 6, 2021 12:55 AM IST
ലക്നോ: എൻഡിഎ ഘടകകക്ഷിയായ ജെഡി-യുവിന്റെ ദേശീയ ജനറൽ സെക്രട്ടറി കെ.സി. ത്യാഗിയുടെ മകൻ അമരീഷ് ത്യാഗി ഇന്നലെ ബിജെപിയിൽ ചേർന്നു. യുപി ഉപമുഖ്യമന്ത്രി ദിനേശ് ശർമയുടെ സാന്നിധ്യത്തിലാണു അമരീഷ് ബിജെപി അംഗത്വമെടുത്തത്.
ഡൽഹി പവർലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്റാണ് അമരീഷ് ത്യാഗി. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡി-യുവിന്റെ അധ്യക്ഷൻ നിതീഷ്കുമാർ നേതൃത്വം നല്കുന്ന ബിഹാർ സർക്കാരിൽ ബിജെപിയും പങ്കാളിയാണ്.
രാഷ്ട്രീയത്തിൽ ചേരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് അമരീഷ് പറഞ്ഞു. എന്റെ പിതാവിന്റെ പാർട്ടിയിൽ ചേർന്നാൽ മക്കൾരാഷ്ട്രീയമാണെന്ന ആക്ഷേപമുയരും. അതിനാൽ ബിജെപിയിൽ ചേരാൻ തീരുമാനിച്ചു. ഇക്കാര്യത്തെക്കുറിച്ച് പിതാവിനോട് ചോദിച്ചിരുന്നു. താൻ ഒരു ജനാധിപത്യവാദിയാണെന്നും യുക്തമായ തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി-അമരീഷ് കൂട്ടിച്ചേർത്തു.