പഞ്ചാബ്: ചന്നിയും സിദ്ദുവും കളം മാറില്ല
Sunday, January 16, 2022 1:33 AM IST
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും പിസിസി അധ്യക്ഷൻ നവജോത് സിംഗ് സിദ്ദുവും സ്വന്തം മണ്ഡലങ്ങളിൽ വീണ്ടും ജനവിധി തേടും. ചന്നി ചംകോറിലും സിദ്ദു അമൃത്സർ ഈസ്റ്റിലുമാണു മത്സരിക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോട്ടമുള്ള ഇരുവരെയും അടക്കം പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 86 സ്ഥാനാർഥികളെ കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിച്ചു.
നടനും ആക്ടിവിസ്റ്റുമായ സോനു സൂദിന്റെ സഹോദരി മാളവിക മോഗ സീറ്റിലും പഞ്ചാബി ഗായകൻ സിദ്ദു മൂസേവാല മാൻസയിലും കോണ്‍ഗ്രസ് സ്ഥാനാർഥികളായി. മാളവികയ്ക്കു സീറ്റു നൽകിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ തവണ സ്ഥാനാർഥിയായിരുന്ന ഹർജോത് കമൽ കോണ്‍ഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നു.
കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രിമാരായ സുഖ്ജീന്ദർ രണ്‍ധാവ ദേരാ ബാബ നാനാക് മണ്ഡലത്തിലും ഓം പ്രകാശ് സോണി അമൃത്സർ സെൻട്രലിലും ജനവിധി തേടും. ഇരുവരും ഇതേ സീറ്റിലാണ് കഴിഞ്ഞ തവണ ജയിച്ചത്.
മുൻ പിസിസി അധ്യക്ഷനും പ്രചാരണ കമ്മിറ്റി തലവനുമായ സുനിൽ ജാക്കർ മത്സരിക്കില്ല. എന്നാൽ, മരുമകൻ സന്ദീപ് ജാക്കർ അബോഹർ സീറ്റിൽ സ്ഥാനാർഥിയായി. ഒരു കുടുംബത്തിൽ ഒരു സീറ്റ് എന്ന തത്ത്വം കർശനമായി പാലിക്കാൻ എഐസിസി തീരുമാനിച്ചിരുന്നു. മന്ത്രിമാർ അടക്കം ഭൂരിപക്ഷം സിറ്റിംഗ് എംഎൽഎമാർക്കും വീണ്ടും ടിക്കറ്റ് നൽകിയിട്ടുണ്ട്.
ചന്നിയും സിദ്ദുവും
കളം മാറില്ല