അമിത് പലേക്കർ ഗോവയിൽ എഎപിയുടെ മുഖ്യമന്ത്രിസ്ഥാനാർഥി
Thursday, January 20, 2022 1:43 AM IST
പനാജി: അമിത് പലേക്കർ ഗോവയിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയാകും. നാൽപ്പത്തിയാറുകാരനായ പലേക്കർ അഭിഭാഷകനാണ്. ഈയിടെയാണ് എഎപിയിൽ ചേർന്നത്.
സെന്റ് ക്രൂസ് മണ്ഡലത്തിൽ എഎപി സ്ഥാനാർഥിയാണ് പലേക്കർ. ഭണ്ഡാരി വിഭാഗക്കാരനാണ് ഇദ്ദേഹം. എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ ആണ് അമിത് പലേക്കറെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിസ്ഥാനം ഭണ്ഡാരി സമുദായക്കാരനും ഉപമുഖ്യമന്ത്രിസ്ഥാനം കത്തോലിക്കനും നല്കുമെന്ന് എഎപി പ്രഖ്യാപിച്ചിരുന്നു. ഗോവയിൽ 26 ശതമാനം പേർ ഭണ്ഡാരി സമുദായക്കാരാണ്. സംസ്ഥാനത്ത് ഏറ്റവും വലിയ ഒബിസി വിഭാഗമാണിത്.