13 കോടിയുടെ പാലം മാവോയിസ്റ്റുകൾ തകർത്തു
Monday, January 24, 2022 1:14 AM IST
ഗിരിധി: ജാർഖണ്ഡിലെ ഗിരിധി ജില്ലയിൽ ബരാക്കർ നദിക്കു കുറുകെ 13 കോടി രൂപ മുടക്കി നിർമിച്ച പാലം മാവോയിസ്റ്റുകൾ തകർത്തു. ഉദ്ഘാടനം ചെയ്ത് ഒരു മാസം മാത്രം പിന്നിടുന്പോഴാണു പാലം സ്ഫോടനത്തിൽ തകർത്തത്. ദുംരി പോലീസ് സ്റ്റേഷൻ പരിധിയിൽ ബരാഗഡയ്ക്കും ലുരാംഗോയ്ക്കും ഇടയിലാണ് ഇന്നലെ പുലർച്ചെ പാലത്തിൽ സ്ഫോടനമുണ്ടായതെന്നു ഗിരിധ് സബ്-ഡിവിഷണൽ പോലീസ് ഓഫീസർ അനിൽകുമാർ സിംഗ് പറഞ്ഞു. 2018ൽ നിർമാണമാരംഭിച്ച പാലം കഴിഞ്ഞ മാസമാണ് ഉദ്ഘാടനം ചെയ്തത്.
മുതിർന്ന നേതാവ് പ്രശാന്ത് ബോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു മാവോയിസ്റ്റുകൾ പ്രതിരോധ ആഴ്ച ആചരിച്ചുവരികയാണ്. ശനിയാഴ്ച ഗിരിധ് ജില്ലയിയെ ഒരു മൊബൈൽ ടവർ മാവോയിസ്റ്റുകൾ തകർത്തിരുന്നു. ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ വേരോട്ടമുള്ള സിപിഐ മാവോയിസ്റ്റ് ഇസ്റ്റേണ്‍ റീജണൽ ബ്യൂറോ സെക്രട്ടറിയായ പ്രശാന്ത് ബോസിനെ, കഴിഞ്ഞവർഷം നവംബറിലാണു ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തത്.