എസ്പി എംഎൽഎ ബിജെപിയിൽ
Tuesday, January 25, 2022 2:07 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ജലാൽപൂർ നിയോജക മണ്ഡലത്തിലെ എംഎൽഎയും എസ്പി നേതാവുമായ സുഭാഷ് റായ് ബിജെപിയിൽ ചേർന്നു. മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ്, ബന്ധുവായ ഫിറോസാബാദ് എംഎൽഎ ഹരി ഓം യാദവ് എന്നിവർ ബിജെപിയിൽ ചേർന്നതിനുപിന്നാലെയാണ് മറ്റൊരു സമാജ്വാദി പാർട്ടി നേതാവ് കൂടി ബിജെപിയിലേക്കു ചേക്കേറുന്നത്.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ, യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് സുഭാഷ് റായ് ഇന്നലെ ബിജെപിയിൽ ചേർന്നത്. താഴെ തട്ടിലുള്ള പ്രവർത്തകർക്ക് പാർട്ടിയിൽ അർഹിക്കുന്ന പരിഗണന കിട്ടാത്തതാണ് രാജിക്കു കാരണമെന്നാണ് സുഭാഷ് റായിയുടെ പ്രതികരണം. എസ്പിയിൽ ചേരുന്നതിന് മുൻപ് 15 വർഷം സുഭാഷ് റായ് ബിജെപിയിലായിരുന്നു.