അഗ്നിപഥ്: സുപ്രീംകോടതിയിൽ ഹർജി
സ്വന്തം ലേഖകൻ
Sunday, June 19, 2022 12:37 AM IST
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലവും പൊതുമുതൽ നശിപ്പിക്കപ്പെട്ടതും പ്രത്യേക അന്വേഷണസംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകൻ വിശാൽ തിവാരിയാണു കേന്ദ്ര ആഭ്യന്തര - പ്രതിരോധ മന്ത്രാലയങ്ങൾ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാണ, ബിഹാർ, തെലുങ്കാന എന്നീ സംസ്ഥാനങ്ങളെ പ്രതിപ്പട്ടികയിൽ ചേർത്ത് ഹർജി സമർപ്പിച്ചിരിക്കുന്നത്.
പദ്ധതിയിലൂടെ സേനയിലും രാജ്യസുരക്ഷയിലുമുണ്ടാക്കുന്ന സ്വാധീനം പഠിക്കാൻ സുപ്രീം കോടതിയിൽ നിന്നു വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിൽ ഒരു വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നാണു ഹർജിയിലെ മറ്റൊരാവശ്യം. ഹ്രസ്വകാല കരാർ സൈനിക നിയമനങ്ങൾ ഉദ്യോഗാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നും പദ്ധതിയിൽ വ്യക്തതക്കുറവുണ്ടെന്നും ഹർജിയിലുണ്ട്.