"കളംമാറി നിതീഷ് '; ബിജെപി സഖ്യം ഉപേക്ഷിച്ച് ബിഹാർ മുഖ്യമന്ത്രിപദം രാജിവച്ചു
Wednesday, August 10, 2022 1:28 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ബിഹാറിൽ ബിജെപി സഖ്യം അവസാനിപ്പിച്ച് ജെഡിയു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ആർജെഡി നേതാവ് തേജസ്വി യാദവിനോടൊപ്പം രാജ്ഭവനിലെത്തി രാജി നൽകിയ നിതീഷ് പുതിയ മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. 242 അംഗ നിയമസഭയിൽ ആർജെഡി, ജെഡിയു, കോണ്‍ഗ്രസ്, ഇടതുപാർട്ടികൾ അടക്കം 164 എംഎൽഎമാരുടെ പിന്തുണക്കത്ത് നിതീഷ് ഗവർണർ ഫാഗു ചൗഹാന് നൽകി.
മുഖ്യമന്ത്രിയായി നിതീഷ്കുമാറും ആഭ്യന്തര വകുപ്പോടെ ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭാ വികസനം പിന്നീടു നടക്കും.നിയമസഭാ സ്പീക്കർ സ്ഥാനം കോണ്‍ഗ്രസിന് നൽകാനാണു സാധ്യത.
ജെഡിയു എംഎൽഎമാരുടെയും എംപിമാരുടെയും യോഗം ഇന്നലെ പാറ്റ്നയിൽ വിളിച്ചു ചേർത്ത ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ രാജിപ്രഖ്യാപനം. എൻഡിഎ മുന്നണി വിടുന്ന കാര്യത്തിൽ എല്ലാ ജനപ്രതിനിധികളും യോജിപ്പിലാണെന്നു യോഗശേഷം നിതീഷ് പറഞ്ഞു. “രാജ്യം താങ്കൾക്കു വേണ്ടി കാത്തിരിക്കുകയാണ്. നിതീഷ്ജി മുന്നോട്ടു നയിക്കുക’’ എന്ന് യോഗത്തിനു മുന്‍പേ ജെഡിയു പാർലമെന്ററി ബോർഡ് പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹ ട്വീറ്റ് ചെയ്തിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ടെലിഫോണിലും ആർജെഡിയുടെ തേജസ്വി യാദവിനെ അമ്മ റാബ്രി ദേവിയുടെ വസതിയിൽ സന്ദർശിച്ചും നടത്തിയ ചർച്ചകളിൽ പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ഇരുപാർട്ടികളും നിതീഷിനു പിന്തുണ അറിയിച്ചു. സിപിഐ-എംഎലിന്റെ 12ഉം സിപിഎമ്മിന്റെയും സിപിഐയുടെയും രണ്ടു വീതവുമടക്കം 16 എംഎൽഎമാരുള്ള ഇടതുപാർട്ടികളും മഹാഗഡ്ബന്ധൻ എന്ന ബിഹാർ മഹാസഖ്യത്തിന്റെ ഭാഗമാണ്.
ആർജെഡി, കോണ്‍ഗ്രസ് പാർട്ടികളുമായി ചേർന്നു നിതീഷ് പുതിയ സർക്കാർ രൂപീകരിക്കുന്നത് ബിജെപിക്കു കനത്ത തിരിച്ചടിയായി. മഹാരാഷ്ട്രയിൽ ശിവസേന- കോണ്‍ഗ്രസ്- എൻസിപി സഖ്യ സർക്കാരിനെ അട്ടിമറിച്ച് രൂപീകരിച്ച ബിജെപി- വിമത ശിവേസന മന്ത്രിസഭയുടെ വികസനം നടത്തിയ ദിവസം തന്നെയാണു ബിഹാറിൽ തിരിച്ചടിയേറ്റത്. മുൻ ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ആർ.സി.പി. സിംഗിനെ ഉപയോഗിച്ച് ജെഡിയുവിനെ പിളർത്താൻ ബിജെപി നടത്തിയ ശ്രമങ്ങളാണ് നിതീഷിനെ പെട്ടെന്ന് പ്രകോപിപ്പിച്ചത്.
2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിന് 43 എംഎൽഎമാരും ബിജെപിക്ക് 74 എംഎൽഎമാരും ആയിരുന്നെങ്കിലും നിതീഷിനെ മുഖ്യമന്ത്രിയായി അംഗീകരിച്ചു. 79 സീറ്റുകൾ നേടിയ ആർജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസിന് 19 എംഎൽഎമാരെ വിജയിപ്പിക്കാനായി.
2005ൽ ജെഡിയു-ആർജെഡി- കോണ്‍ഗ്രസ് മഹാസഖ്യം വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ സഖ്യം അവസാനിപ്പിച്ച് നിതീഷ് ബിജെപിയുമായി ചേർന്നു മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു.
എൻഡിഎയുമായി 2017ൽ തുടങ്ങിയ സഖ്യമാണ് നിതീഷ് ഇപ്പോൾ വീണ്ടും അവസാനിപ്പിച്ചിരിക്കുന്നത്. നേരത്തെ, ബിജെപിയുമായി 17 വർഷം നീണ്ട ബാന്ധവം ഉപേക്ഷിച്ച് 2015ലാണ് അന്നത്തെ ബദ്ധവൈരിയായിരുന്ന ലാലു പ്രസാദുമായി ചേർന്ന് നിതീഷ് ബദൽ മന്ത്രിസഭയുണ്ടാക്കിയത്.
നിതീഷിനെ പിന്തുണയ്ക്കുന്നവർ
ജെഡി-യു-46(ഒരു സ്വത. ഉൾപ്പെടെ)
ആർജെഡി-79
കോൺഗ്രസ്-19
സിപിഐ(എംഎൽ)-12
സിപിഐ-2
സിപിഎം-2
എച്ച്എഎം-4
ആകെ -164
കേവല ഭൂരിപക്ഷത്തിനുവേണ്ടത്-122