മേഘാലയ എംഎൽഎമാരുടെ രാജി: പിന്നിൽ ബിജെപിയെന്നു സൂചന
Tuesday, November 29, 2022 12:56 AM IST
ഷില്ലോംഗ്: മേഘാലയയിൽ ഭരണകക്ഷിയിൽപ്പെട്ട രണ്ടും പ്രതിപക്ഷത്തെ ഒരാളും ഉൾപ്പെടെ മൂന്ന് എംഎൽഎമാർ രാജിവച്ചു. പാർട്ടി അംഗത്വവും മൂവരും ഉപേക്ഷിച്ചു. അസാധാരണമായ രാഷ് ട്രീയനീക്കത്തിനു പിന്നിൽ ബിജെപിയാണെന്ന് അഭ്യൂഹങ്ങളുണ്ട്.
ഭരണകക്ഷിയായ എൻപിപിയിലെ ഫെർലിംഗ് സംഗ്മയും ബെനഡിക് മറാക്കും പ്രതിപക്ഷമായ ടിഎംസിയിലെ എച്ച്.എം. ഷാംഗ്പിലാംഗുമാണ് സ്പീക്കർ മെത്ബ ലിംഗ്ഡോയ്ക്കു കഴിഞ്ഞദിവസം രാജിക്കത്ത് നൽകിയത്. എൻപിപിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യമായ മേഘാലയ ഡെമോക്രാറ്റിക് അലൈൻസിലെ സഖ്യകക്ഷിയാണ് ബിജെപി.
മൂന്നുനേതാക്കളും അടുത്തയാഴ്ച ബിജെപിയിൽ ചേരുമെന്നാണ് അഭ്യൂഹങ്ങൾ. എംഎൽഎമാരുടെ രാജിയെ മുതിർന്ന ബിജെപി നേതാവ് സ്വാഗതം ചെയ്തു. സംസ്ഥാനത്തിന്റെ ബഹുവിധമായ വളർച്ചയ്ക്ക് ബിജെപിയിലൂടെ മാത്രമേ സാധിക്കൂവെന്ന് ഇവർ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പ്രതികരിച്ചു.