അദാനിയുടെ ജാർഖണ്ഡിലെ കന്പനിയിലും സംഘർഷം: പോലീസ് ഇൻസ്പെക്ടർക്കു പരിക്ക്
Tuesday, November 29, 2022 12:56 AM IST
ഗോദ്ദ (ജാർഖണ്ഡ്): ജാർഖണ്ഡിലെ ഗോദ്ദ ജില്ലയിൽ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കൽക്കരി പവർപ്ലാന്റിൽ ജീവനക്കാരുമായുള്ള ഏറ്റുമുട്ടലിൽ പോലീസ് ഇൻസ്പെക്ടർക്കു പരിക്കേറ്റു.
കഴിഞ്ഞദിവസം കന്പനിയിലെ ഒരു തൊഴിലാളി ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞിരുന്നു. ഇതിനെതിരേയുള്ള പ്രതിഷേധം സംഘർഷത്തിലേക്കു വഴിമാറിയതോടെ പോലീസ് സംഘം എത്തുകയായിരുന്നു.
പ്ലാന്റിനുള്ളിൽ സമരക്കാർ നടത്തിയ കല്ലേറിലാണ് എഎസ്ഐ ഷാൻദിയോ കുമാറിനു പരിക്കേറ്റത്. തൊട്ടുപിന്നാലെ പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു. കൂടുതൽ സംഘർഷമൊഴിവാക്കാൻ പ്രദേശത്ത് വൻതോതിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.