എയിംസിലെ സെർവർ തിരിച്ചുപിടിക്കാനായില്ല
Wednesday, November 30, 2022 12:47 AM IST
ന്യൂഡൽഹി: ഡൽഹി എയിംസിലെ സെർവർ ഹാക്കിംഗിന് പരിഹാരം കണ്ടെത്താനായിട്ടില്ല. ഏഴു ദിവസങ്ങൾ പിന്നിട്ടിട്ടും ആരാണു പിന്നിലെന്നുപോലും കണ്ടുപിടിക്കാനായിട്ടില്ല. എയിംസിലെ വിവരങ്ങൾ ചോർന്ന സംഭവം ഏറെ ഗൗരവകരമാണെന്ന കണ്ടെത്തലിന് പിന്നാലെ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹാക്ക് ചെയ്ത രേഖകൾ വിട്ടുനൽകുന്നതിന് ഹാക്കർമാർ മോചനദ്രവ്യം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 200 കോടി രൂപയുടെ ക്രിപ്റ്റോ കറൻസി ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ എയിംസ് അധികൃതരുടെ ഭാഗത്തുനിന്നോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നോ യാതൊരു പ്രതികരണവും വന്നിട്ടില്ല.
മുൻ പ്രധാനമന്ത്രിമാർ, മന്ത്രിമാർ, ജഡ്ജിമാർ, ബ്യൂറോക്രാറ്റുകൾ തുടങ്ങിയവരുടെ രേഖകളും എയിംസിന്റെ സെർവറിൽ സൂക്ഷിച്ചിട്ടുണ്ട്.
കൂടാതെ കോവിഷീൽഡ്, കോവാക്സിൻ തുടങ്ങിയവയുടെ ട്രയൽ വിവരങ്ങൾ, ഗവേഷണങ്ങൾ, എച്ച്ഐവി പോലുള്ള രോഗങ്ങൾ ബാധിച്ചവരുടെ വിവരങ്ങൾ, പീഡനക്കേസുകളിലെ ഇരകളുടെ മെഡിക്കൽ പരിശോധനാ ഫലങ്ങൾ എന്നിവയും ഹാക്ക് ചെയ്യപ്പെട്ടതായാണ് വിവരം. ഇത് രാജ്യ സുരക്ഷയ്ക്കു തന്നെ വലിയ വെല്ലുവിളിയാണ്.