ദാരിദ്ര്യത്തെ നേരിടാൻ സാമ്പത്തിക വളര്‍ച്ച അനിവാര്യം: രാഷ്ട്രപതി
Thursday, January 26, 2023 12:44 AM IST
ന്യൂഡൽഹി: കൂടുതല്‍ ആളുകളെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റാന്‍, നമുക്ക് സാമ്പത്തിക വളര്‍ച്ച ആവശ്യമാണെന്ന് രാഷ്ട്രപതി ദൗപദി മുർമു. എന്നാല്‍ ആ വളര്‍ച്ച ഫോസില്‍ ഇന്ധനത്തില്‍ നിന്നാണെന്നും ദൗര്‍ഭാഗ്യവശാല്‍, ദരിദ്രര്‍ മറ്റുള്ളവരേക്കാള്‍ ആഗോളതാപനത്തിന്റെ ഭാരം വഹിക്കുന്നുവെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ബദല്‍ ഊര്‍ജസ്രോതസുകള്‍ വികസിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പരിഹാരങ്ങളിലൊന്ന്. സൗരോര്‍ജത്തിനും വൈദ്യുത വാഹനങ്ങള്‍ക്കും നയപരമായ ഉത്തേജനം നല്‍കിക്കൊണ്ട് ഇന്ത്യ ഈ ദിശയില്‍ പ്രശംസനീയമായ മുന്നേറ്റം നടത്തിയെന്നും രാഷ്ട്രപതി പറഞ്ഞു. ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ.
കോവിഡിന്റെ പശ്ചാത്തലത്തില്‍, രാജ്യം സാമ്പത്തിക തടസം നേരിട്ട സമയത്ത്, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഗവണ്മെന്റ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. ഈ സഹായം ലഭിച്ചതിനാല്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വന്നില്ല. ഡിജിറ്റല്‍ ഇന്ത്യ ദൗത്യം ഗ്രാമനഗര വിഭജനം നികത്തി വിവര വിനിമയ സാങ്കേതിക വിദ്യകള്‍ ഏവരിലേക്കും എത്തിക്കുന്നതിനാണു പരിശ്രമിക്കുന്നത്.
ബഹിരാകാശ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ വിരലിലെണ്ണാവുന്ന മുന്‍നിര രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
സ്ത്രീ ശക്തീകരണവും ലിംഗസമത്വവും ഇനി വെറും മുദ്രാവാക്യങ്ങളല്ല. കാരണം, ഈ ആദര്‍ശങ്ങളില്‍ സമീപവര്‍ഷങ്ങളില്‍ നാം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ആദിവാസി സമൂഹങ്ങള്‍ക്ക്, പ്രത്യേകിച്ച്, പരിസ്ഥിതി സംരക്ഷണം മുതല്‍ സമൂഹത്തെ കൂടുതല്‍ ഒത്തൊരുമയുള്ളതാക്കുന്നതു വരെയുള്ള പല മേഖലകളിലും സമ്പന്നമായ പാഠങ്ങള്‍ നല്‍കാനുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.