പാട്ടോർമയായി വാണി ജയറാം
Sunday, February 5, 2023 1:43 AM IST
ചെന്നൈ: പ്രശസ്ത പിന്നണിഗായിക വാണി ജയറാം (78) അന്തരിച്ചു. ചെന്നൈയിലെ നുങ്കംപാക്കത്ത് ഹാഡോസ് റോഡിലെ അപ്പാർട്ട്മെന്റിൽ ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെറ്റിയിലും ഇടത്തെ തോളിലും പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. സംസ്കാരം ഇന്നുച്ചയ്ക്കു ചെന്നൈയിൽ.
അഞ്ചു ദശകം നീണ്ട പിന്നണിഗാനാലാപന സപര്യയിൽ ആയിരത്തിലേറെ ചിത്രങ്ങളിലായി പതിനായിരത്തിലേറെ ഗാനങ്ങൾക്കു ശബ്ദമായിട്ടുണ്ടീ വിശ്രുത ഗായിക. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ആസാമീസ്, ഗുജറാത്തി, ഒഡിയ തുടങ്ങി പത്തൊൻപത് ഭാഷകളിലായി പ്രവഹിച്ച സ്വരമാധുരിയെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
തമിഴ്നാട്ടിലെ വെല്ലൂരിൽ 1945ലാണ് ജനനം. കലൈവാണി എന്നാണ് യഥാർഥ പേര്. അച്ഛൻ ദൊരൈസ്വാമി കോൽക്കത്തയിലെ ഇൻഡോ-ജപ്പാൻ സ്റ്റീൽ കന്പനി ഉദ്യോഗസ്ഥനായിരുന്നു. സംഗീതജ്ഞയായിരുന്ന അമ്മ പദ്മാവതിയാണ് വാണിയുടെ ആദ്യഗുരു. ബിരുദപഠനത്തിനുശേഷം എസ്ബിഐയിൽ ചേർന്നു.
മുംബൈ സ്വദേശിയായ ജയറാമുമായുള്ള വിവാഹത്തോടെയാണ് വാണി ജയറാമാകുന്നത്. സിത്താർ വിദഗ്ധൻകൂടിയായ അദ്ദേഹത്തിന്റെ പിന്തുണയാണ് ലോകമറിയുന്ന പിന്നണിഗായികയിലേക്കുള്ള വളർച്ചയ്ക്കു പിന്നിൽ. വാണി-ജയറാം ദന്പതികൾക്കു മക്കളില്ല.
1971ൽ പുറത്തിറങ്ങിയ ഗുഡ്ഡി എന്ന ഹിന്ദിചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തു ചുവടുറപ്പിക്കുന്നത്. തുടർന്ന് തെന്നിന്ത്യൻ ഭാഷാസിനിമകളിലെ നിറസാന്നിധ്യമായി മാറി. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നീ ചിത്രങ്ങളിലൂടെ മൂന്നുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി; ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും.
ഭർത്താവിന്റെ മരണശേഷം ഏതാനും വർഷങ്ങളായി ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്നു താമസം. ഇന്നലെ രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയതോടെയാണു മരണം പുറംലോകമറിയുന്നത്. കോളിംഗ് ബെല്ലിലും ഫോണിലും പ്രതികരിക്കാത്തതിനെത്തുടർന്ന് സഹായി ആൽവാർപേട്ടിൽ താമസിക്കുന്ന ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് വീടുതുറന്ന് പരിശോധിച്ചപ്പോഴാണ് നിലത്ത് മൃതദേഹം കണ്ടെത്തിയത്.
കിടക്കയിൽനിന്നു താഴെ വീണതാണ് പരിക്കിനു കാരണമെന്നു പോലീസ് സംശയിക്കുന്നു. ഗായികയ്ക്കു കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പദ്മഭൂഷൻ പുരസ്കാരം ലഭിച്ചശേഷം ഫോണിൽ അഭിനന്ദനപ്രവാഹം നിലച്ചിരുന്നില്ല എന്നും ബന്ധുക്കൾ പറഞ്ഞു.
ചലച്ചിത്ര, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ വാണി ജയറാമിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.