നായ കടിച്ച സംഭവത്തിൽ 12 വർഷത്തിനുശേഷം ഉടമയ്ക്കു മൂന്നുമാസം തടവ്
Tuesday, February 7, 2023 1:03 AM IST
മുംബൈ: സ്വത്ത് തർക്കത്തിലേർപ്പെട്ടയാളെ പട്ടിയെക്കൊണ്ട് കടിപ്പിച്ച സംഭവത്തിൽ നായയുടെ ഉടമയായ വ്യവസായിയെ 12 വർഷത്തിനുശേഷം കോടതി മൂന്നുമാസം തടവിനു ശിക്ഷിച്ചു.
പൊതുസ്ഥലങ്ങളിൽ നായകളെ കൊണ്ടുനടക്കുന്പോൾ പാലിക്കേണ്ട മര്യാദകൾ ലംഘിച്ചുവെന്ന് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് എൻ.എ. പാട്ടീൽ ചൂണ്ടിക്കാട്ടി. സൈറസ് പേഴ്സി ഹോർമുസ്ജിക്കാണ് കോടതി ശിക്ഷ വിധിച്ചത്. 2010ലാണ് കേസിനാസ്പദമായ സംഭവം.
ഹോർസ്മുജിയും കേർസി ഇറാനിയും സ്വത്ത് തർക്കത്തിലേർപ്പെട്ടിരിക്കുന്പോൾ റോട്ട്വീലർ ഇനത്തിൽപ്പെട്ട നായയെ കാറിനുള്ളിൽനിന്ന് ഹോർസ്മുജി തുറന്നുവിടുകയും നായ ഇറാനിയെ കടിക്കുകയുമായിരുന്നു.
വലതുകാലിൽ രണ്ടുതവണയും കൈയിൽ ഒരുതവണയും നായ കടിച്ചു. നായ ആക്രമണകാരിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ കാറിന്റെ ഡോർ തുറന്നത് കുറ്റകരമായെന്നു കോടതി നിരീക്ഷിച്ചു.