മരുന്നുകൾ കുറിക്കാൻ ഫാർമസിസ്റ്റുകൾക്ക് അനുമതിയില്ല: എൻഎംസി
Saturday, March 18, 2023 1:30 AM IST
ന്യൂഡൽഹി: രോഗികൾക്ക് മരുന്നുകൾ കുറിച്ചു നൽകുന്നതിന് ഫാർമസിസ്റ്റുകൾക്ക് അനുമതി നൽകണമെന്ന ഇന്ത്യൻ ഫാർമസി കൗണ്‍സിലിന്റെ ആവശ്യം തള്ളി ദേശീയ മെഡിക്കൽ കൗണ്‍സിൽ (എൻഎംസി). മരുന്നുകൾ കുറിച്ചു നൽകുന്നതിന് രോഗികളെ പരിശോധിച്ച് അസുഖം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് എൻഎംസി വ്യക്തമാക്കി.
അതേസമയം, സർക്കാർ ആശുപത്രികളിലെ ഫാർമസിസ്റ്റുകളുടെ റിക്രൂട്ട്മെന്റ്, ശന്പളം, ഏതെങ്കിലും സംസ്ഥാനത്തെ ആശുപത്രികളിൽ ഫാർമസിസ്റ്റുകളാകാനുള്ള യോഗ്യത എന്നിവ അതത് സംസ്ഥാനത്തിന്റെ നിയമങ്ങൾക്കനുസൃതമായാണ് നിയന്ത്രിക്കപ്പെടുന്നതെന്ന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാർ വ്യക്തമാക്കി.
ഡിഫാം, ബിഫാം ബിരുദധാരികൾ രോഗികൾക്കു പരിചരണം നൽകുന്നതിന് ഫിസിഷ്യന്മാരുമായും മറ്റ് ആരോഗ്യ പരിപാലന വിദഗ്ധരുമായും സഹകരിച്ച് കമ്യൂണിറ്റി ഫാർമസിസ്റ്റുകളായി പ്രവർത്തിക്കാൻ അർഹരാണെന്നും മന്ത്രി പറഞ്ഞു.