പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം ശരിവച്ചു
Wednesday, March 22, 2023 12:51 AM IST
സെബി മാത്യു
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസർക്കാർ നടപടി യുഎപിഎ ട്രൈബ്യൂണൽ ശരിവച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാന്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗണ്‍സിൽ, നാഷണൽ കോണ്‍ഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വുമൻസ് ഫ്രണ്ട്, ജൂണിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകളെ അഞ്ചു വർഷത്തേക്ക് നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയാണ് ഡൽഹി ഹൈക്കോടതി ജഡ്ജി ദിനേശ് കുമാർ ശർമ അധ്യക്ഷനായ യുഎപിഎ ട്രൈബ്യൂണൽ ശരിവച്ചത്.
യുഎപിഎ ട്രൈബ്യൂണലിന്റെ ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തെങ്കിലും യുഎപിഎ ട്രൈബ്യൂണൽ ശരിവയ്ക്കുന്നതോടെയാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്.
കേന്ദ്രസർക്കാർ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവച്ചു നടപടിയെടുക്കുന്നു എന്ന വാദം തള്ളിക്കൊണ്ടാണ് നിരോധന നടപടി ട്രൈബ്യൂണൽ ശരിവച്ചത്. പോപ്പുലർ ഫ്രണ്ടിലും അനുബന്ധ സംഘടനകളിലും പ്രവർത്തിച്ചിരുന്നവർ രാജ്യത്തിന്റെ അടിസ്ഥാന സാമൂഹിക ഘടനയ്ക്കെതിരായി വിഘടനപരമായി പ്രവർത്തിച്ചു എന്നാണ് ട്രൈബ്യൂണൽ നിരീക്ഷിച്ചത്.
പോപ്പുലർ ഫ്രണ്ട് നിരോധനത്തെ ന്യായീകരിക്കാൻ നൂറോളം സാക്ഷികളെയും മൊഴികളുമാണ് ഹാജരാക്കിയത്. കൂടാതെ പോപ്പുലർ ഫ്രണ്ട് അംഗങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന രണ്ട് വീഡിയോ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു.
രാജ്യമെന്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷം കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സർക്കാർ നിരോധിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കൽ, ആയുധ പരിശീലനമടക്കമുള്ള പരിപാടികൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ പോപ്പുലർ ഫ്രണ്ടിനെതിരേ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്നു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജസ്റ്റീസ് ദിനേശ് കുമാർ ശർമയെ കേന്ദ്രസർക്കാർ യുഎപിഎ ട്രൈബ്യൂണൽ പ്രിസൈഡിംഗ് ഓഫീസറായി നിയമിച്ചത്.