ഹത്രാസ് പീഡനം: യുപി സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി
Tuesday, March 28, 2023 1:15 AM IST
ന്യൂഡൽഹി: ഹത്രാസിൽ ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിലെ ഒരാൾക്കു ജോലി നൽകുന്നതിനും കുടുംബത്തെ മാറ്റിപ്പാർപ്പിക്കുന്നതിനുമായി അലഹബാദ് ഹൈക്കോടതി നൽകിയ നിർദേശത്തിനെതിരേ ഉത്തർപ്രദേശ് സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകിയ യുപി സർക്കാരിന്റെ നടപടിയിൽ അന്പരപ്പു പ്രകടിപ്പിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.
കേസിന്റെ സാഹചര്യങ്ങളെല്ലാം തന്നെ പരിഗണിച്ചാണു അലഹാബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നതും അതിനാൽ ഇടപെടുന്നില്ലെന്നുമാണ് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയത്. കുടുംബം ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ഇവരെ മാറ്റിപ്പാർക്കാൻ സാധിക്കില്ലെന്നായിരുന്നു യുപി സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ അറ്റോർണി ജനറൽ ഗരിമ പ്രസാദിന്റെ വാദം.