ഗുണനിലവാരമില്ല: 18 മരുന്നു കന്പനികളുടെ ലൈസൻസ് റദ്ദാക്കി
Wednesday, March 29, 2023 12:42 AM IST
ന്യൂഡൽഹി: വ്യാജവും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകൾ നിർമിച്ചതിന് മരുന്നുകന്പനികൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രം. കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ ദേശീയതല അന്വേഷണത്തിൽ 200ലധികം മരുന്നുനിർമാണ കന്പനികളിൽ ക്രമക്കേടുകൾ കണ്ടെത്തി.
ആന്ധ്രപ്രദേശ്, ബിഹാർ, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു-കാഷ്മീർ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിലാണു ക്രമക്കേടുകൾ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ 76 കന്പനികൾക്കെതിരേയാണു സർക്കാർ നടപടി സ്വീകരിച്ചത്. ഇതിൽ ലൈസൻസ് റദ്ദാക്കിയ 18 സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനാണു നിർദേശം.
ഉസ്ബെക്കിസ്ഥാൻ, ഗാംബിയ എന്നിവിടങ്ങളിൽ ഇന്ത്യൻ നിർമിത മരുന്നുകൾ ഉപയോഗിച്ചതിനെത്തുടർന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി വിവിധ മരുന്നുനിർമാണ കേന്ദ്രങ്ങളിലാണു പരിശോധന നടത്തിയത്.